കോൺഗ്രസ് ചിന്തൻ ശിബിർ ഒരുക്കങ്ങൾ പൂർത്തിയായി

മേയ് 13 മുതൽ 15 വരെയാണ് ചിന്തൻ ശിബിർ

കോൺഗ്രസ് ചിന്തൻ ശിബിർ ഒരുക്കങ്ങൾ പൂർത്തിയായി

 രാജസ്ഥാനിലെ ഉദയ്പുരിൽ വെള്ളിയാഴ്ച തുടങ്ങുന്ന കോൺഗ്രസ് ചിന്തൻ ശിബിരിന് മുന്നോടിയായി വിവിധ സമിതികൾ ഇന്നു യോഗം ചേരുന്നു. പല മേഖലകളിലായി ആറ് സമിതികളാണ് രൂപീകരിച്ചത്. ചിന്തൻ ശിബിറിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിനാണു യോഗം. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജന ക്ഷേമം, കാർഷിക മേഖല എന്നിങ്ങനെ ആറ് വിഭാഗങ്ങൾ കേന്ദ്രീകരിച്ചാകും ചർച്ചകൾ. സമിതികൾ നൽകുന്ന നിർദേശങ്ങൾ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി പരിശോധിക്കും. ഇന്നത്തെ യോഗ ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങളും സോണിയ ഗാന്ധിക്ക് കൈമാറും. നാളെ സമിതി അധ്യക്ഷന്മാരുമായി സോണിയാഗന്ധി ചർച്ച നടത്തിയാകും ചിന്തൻ ശിബിർ അജൻഡയ്ക്ക് അന്തിമ രൂപം നൽകുക. അജൻഡ ചർച്ച ചെയ്യാൻ പ്രവർത്തക സമിതിയും തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രാഷ്‌ട്രീയ സംഘടനാ സമിതി അം​ഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന നിർദേശമാണ് സംഘടന കാര്യസമിതിയിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്.

ഡി സി സി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പി സി സി കൾക്ക് നൽകണം, ചെറിയ സംസ്ഥാനങ്ങളിൽ പി സി സി അംഗങ്ങളുടെ എണ്ണം 50 ആക്കണം. വലിയ സംസ്ഥാനങ്ങളിൽ 100 ആക്കണം, എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം തുടങ്ങിയ നിർദേശങ്ങളും ചെന്നിത്തല മുന്നോട്ട് വെച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോൺഗ്രസിൻറെ ചിന്തൻശിബിർ ചേരുന്നത്. മെയ് പതിമൂന്ന് മുതൽ പതിനഞ്ച് വരെ നടക്കുന്ന യോഗത്തിൽ കോൺഗ്രസിനെ സംഘടനപരമായി ശക്തിപ്പെടുത്തുന്ന ആലോചനകൾക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചർ‍ച്ച നടക്കും.