ഹിന്ദുവല്ലെങ്കില്‍ പ്രവേശനമില്ല; കലാകാരിക്ക് നേരിട്ട ദുരവസ്ഥയില്‍ പ്രതിഷേധം

ഹിന്ദുവല്ലെങ്കില്‍ പ്രവേശനമില്ല; കലാകാരിക്ക് നേരിട്ട ദുരവസ്ഥയില്‍ പ്രതിഷേധം

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവ വേദിയില്‍ നിന്ന് ഒഴിവാക്കിയത് നിരാശ നല്‍കുന്നുവെന്ന് ഭരതനാട്യം നര്‍ത്തകിയായ വി പി മന്‍സിയ.  ഹിന്ദു അല്ലെന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത് എന്നും തനിക്ക് മതം ഇല്ലെന്നും മന്‍സിയ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ കലാകാരി തന്റെ ദുരവസ്ഥ പുറത്തുവിട്ടത്. പിന്നാലെ ക്ഷേത്ര അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. തൃശൂര്‍ ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ഉള്ള നൃത്തോത്സവത്തില്‍ ഏപ്രില്‍ 21 നു വൈകുന്നേരം ആയിരുന്നു  മന്‍സിയയുടെ നൃത്തം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടിയുടെ സംഘാടകര്‍ മന്‍സിയയെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുക ആയിരുന്നു. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ്  സംഘാടകരുടെ വിശദീകരണം.

' ഫോണ്‍ വിളിച്ച് ഒരു സ്റ്റേറ്റ്‌മെന്റ് പോലെ ആണ് അവര്‍ ഇക്കാര്യം അറിയിച്ചത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല, മന്‍സിയ ഹിന്ദുവാണോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. ജനിച്ചതും വളര്‍ന്നതും മുസ്ലിം സമുദായത്തില്‍ ആയിരുന്നു, പക്ഷേ ഇപ്പൊള്‍ ഒരു മതത്തിലും ഇല്ല. കല്യാണം കഴിഞ്ഞപ്പോള്‍ മതം മാറിയോ എന്ന് ആയിരുന്നു പിന്നീട് ചോദിച്ചത്. എന്നാല്‍ അവര്‍ ഹിന്ദു രീതിയില്‍ തന്നെ ആണ് ജീവിക്കുന്നത് ഞാന്‍ മതം ഇല്ലാത്ത രീതിയിലും എന്ന്് മറുപടി നല്‍കി. പിന്നീട് പരിപാടി നടത്തേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. 'ഞാന്‍ ഏറ്റവും അധികം സ്റ്റേജുകളില്‍ കയറിയിട്ടുള്ളത് ക്ഷേത്രങ്ങളോട് ചേര്‍ന്ന് തന്നെയാണ്. പക്ഷേ അതെല്ലാം 2007 കാലത്ത് ആണ്. കേരളം അന്ന് കുറേക്കൂടി വിശാലമായിരുന്നു എന്ന് തോന്നുന്നു. ഇപ്പോള്‍ മുന്‍പ് ഉള്ളതിനേക്കാള്‍ പിന്നോക്കം പോകുക ആണ് എന്ന് തോന്നി പോകുക ആണ്. ' മന്‍സിയ മാധ്യമങ്ങളോട് പറഞ്ഞു.