സുധാകരന്റെ വിമാനത്തേക്കാൾ പിണറായിയുടെ തീവണ്ടി നല്ലത് .തോമസ് ഐസക് .

thomas isac on k Rail.

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് പകരം ഫ്‌ളൈ ഇന്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് നടത്തിക്കൂടേ എന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്.

കോണ്‍ഗ്രസ് പറയുന്നതുപോലെ വിമാനസര്‍വീസ് ആരംഭിച്ചാലുള്ള ചെലവും അതിന്റെ പ്രത്യാഘാതങ്ങളും വസ്തുതാപരമായി വിവരിച്ചാണ് തോമസ് ഐസക് സുധാകരനുള്ള മറുപടി നല്‍കുന്നത്. താനെഴുതിയ ‘എന്തുകൊണ്ട് കെ റെയില്‍’ എന്ന പുസ്തകത്തിലെ വിശദാംശങ്ങളും കണക്കും വിവരിച്ചാണ് അദ്ദേഹം എന്തുകൊണ്ട് വിമാന സര്‍വീസ് കെ റെയിലിന് പകരമാകില്ല എന്ന വിശദമാക്കുന്നത്.

‘ഈ ബദല്‍ പാരിസ്ഥിതികമായി ഏറ്റവും വിനാശകരമായിരിക്കും. കാരണം വളരെ ലളിതം. കെ.പി.സി.സി പ്രസിഡന്റ് പറയുന്ന ഹ്രസ്വദൂര വിമാനയാത്ര ഒരു യാത്രക്കാരന് ഒരു കിലോമീറ്ററിന് 254 ഗ്രാം കാര്‍ബണ്‍ തുല്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഹൈസ്പീഡ് റെയില്‍ ആണെങ്കില്‍ കാര്‍ബണ്‍ പ്രത്യാഘാതം വെറും 6 ഗ്രാം മാത്രമായിരിക്കും. (വിശദാംശങ്ങള്‍ക്ക് ‘എന്തുകൊണ്ട് കെ-റെയില്‍’ എന്ന എന്റെ പുസ്തകത്തിലെ 68-ാമത്തെ പേജ് നോക്കുക). സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകവിഭാഗം കെ.പി.സി.സി പ്രസിഡന്റിന്റെ ബദലിനെക്കുറിച്ച് അഭിപ്രായം പറയാന്‍ തയാറാകുമോ?