ഇരട്ടപാത നിർമ്മാണം 21 ട്രെയിനുകൾ റദ്ദാക്കി
ചിങ്ങവനം- ഏറ്റുമാനൂർ റൂട്ടിലാണ് പാത ഇരട്ടിപ്പിക്കൽ
ഇരട്ടപ്പാത നിർമാണം നടക്കുന്നതിനാൽ കോട്ടയം ചിങ്ങവനം- ഏറ്റുമാനൂർ റൂട്ടിൽ ഈ മാസം 28വരെ 21 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന വേണാടും പരശുറാമും റദ്ദാക്കിയവയിൽപ്പെടുന്നു. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും, ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമേ ഉള്ളൂ എന്നതിനാലുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണമെന്നാണ് റെയിൽവേ പറയുന്നത്. കൂടുതൽ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടാൽ ഒരു ലൈൻ ട്രാക്ക് ആയതിനാൽ വലിയ ബ്ലോക്ക് ഉണ്ടാകും. എറണാകുളത്ത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 3 പിറ്റ്‌ലൈനുകൾ മാത്രമാണ് ഉള്ളത്. ഇത് എറണാകുളത്തുനിന്നു സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് തികയുക. മറ്റു ട്രെയിനുകൾ കൂടി എത്തിയാൽ കൂടുതൽ സമയം എടുക്കും. ഇതു മറ്റു ട്രെയിനുകൾ വൈകാൻ കാരണമാകുമെന്നും റെയിൽവേ പറയുന്നു.
വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം മെയിൽ, കന്യാകുമാരി- ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കുന്നതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ.