അ​ഗ്നിപഥിന് കാർഷിക നിയമത്തിന്റെ ​ഗതി വരും: രാഹുൽ ​ഗാന്ധി

കർഷക സമരത്തിന് മുന്നിൽ ഭരണകൂടം മുട്ടുമടക്കിയിരുന്നു

അ​ഗ്നിപഥിന് കാർഷിക നിയമത്തിന്റെ ​ഗതി വരും: രാഹുൽ ​ഗാന്ധി

 ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ തന്നിഷ്ടപ്രകാരം അടിച്ചേല്പിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും കർഷക നിയമം പിൻവലിച്ചു മാപ്പ് പറഞ്ഞ പ്രധാനമന്ത്രിക്കു രാജ്യം നൽകുന്ന രണ്ടാമത്തെ വലിയ പ്രഹരമായിരിക്കും അ​ഗ്നിപഥ് പ്രതിഷേധമെന്നും  കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി
 പറഞ്ഞു.  യുവാക്കളുടെ ആവശ്യം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും, അഗ്നിപഥ് പദ്ധതി പിൻവലിക്കേണ്ടിവരുമെന്ന് രാഹുൽ പ്രതികരിച്ചു.
കോൺഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാർക്കൊപ്പമെന്ന് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രതികരിച്ചു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഇത പര്യന്തമുള്ള കരുത്തായിരുന്നു കിസാനും (കൃഷിക്കാരൻ)   സൈനികനും (ജവാൻ). ജെയ് ജവാൻ ജയ് കിസാൻ എന്നാണ് ഇന്ത്യ ഇതുവരെ വിളിച്ചു‌പോന്ന മുദ്രാവാക്യം. എന്നാൽ ഈ മുദ്രാവാക്യത്തെയാണു ഭരണകൂടം വെല്ലുവിളിക്കുന്നതെന്നു രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രിക്ക് ബ്ലാക്ക് ഫാം നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസിലാക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകൾ സർക്കാർ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
പ്രതിഷേധം കനത്തതോടെ 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് അഗ്നിപഥ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം പേരെ റെഗുലർ സർവീസിനായി നിലനിർത്തുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ചു. അഗ്നിപഥിനെതിരെ സെക്കന്തരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയിൽവേ പൊലീസിന്റെ റിപ്പോർട്ട്.