അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ ഇന്നു വൈകീട്ട് ദുബായിൽ നടക്കും. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
സ്വന്തം സ്ഥപനമായ അറ്റ്ലസ് ജ്വലറിയെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനമാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അതിന്റെ ബാനറിൽ ചലച്ചിത്രങ്ങൾ നിർമിക്കുകയും അഭിനയിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റ്ലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷേ ഭാരിച്ച കടബാധ്യത മൂലം രണ്ടര വർഷത്തോളം ദുബായ് ജയിലിൽ കഴിഞ്ഞു. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രൻററെ മരണം.