കുത്തബ് മിനാറിൽ ഖനനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്നാക്കണമെന്ന് ഹിന്ദുസംഘടനകളുടെ ആവശ്യം
ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിൽ ഖനനം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുത്തബ് മിനാറിൽ കണ്ടെത്തിയെന്ന് പറയുന്ന വിഗ്രഹങ്ങൾ പരിശോധിക്കാനും ഖനനം നടത്തി ഉടൻ സമർപ്പിക്കാനും സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകൾ ഉണ്ടെന്നും കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നും യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയൽ അവകാശപ്പെട്ടിരുന്നു. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖനനം നടത്താനുള്ള തീരുമാനം. ഹിന്ദു സംഘനകൾ പ്രതിഷേധം ശക്തമാക്കിയതോടെ സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച കുത്തബ് മിനാർ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖനനം നടത്താനുള്ള തീരുമാനത്തിലെത്തിയത്. യുനെസ്കോ അംഗീകരിച്ച പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. മുഗൾ ഭരണാധികാരി കുത്തബ്ദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ നിർമിച്ചത്. 1199ലായിരുന്നു നിർമാണം. കുത്തബ് മിനാർ വളപ്പിൽ ഹിന്ദു – ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.