കെപിസിസി പ്രസിഡന്റും 14 ഡിസിസി പ്രസിഡന്റ് മാരും തുടരും

പുതിയ ഫോർമുല ഉണ്ടാക്കി

കെപിസിസി പ്രസിഡന്റും 14 ഡിസിസി പ്രസിഡന്റ് മാരും തുടരും

  കെപിസിസി പ്രസിഡന്റായി കെ.സുധാകരനും,  14 ഡിസിസി പ്രസിഡന്റുമാരും സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഇവരിൽ ആരെയും മാറ്റേണ്ടതില്ലെന്ന് ഉന്നത നേതൃത്വത്തിൽ ധാരണയായി.

 സംസ്ഥാനത്ത് ഒത്തുതീർപ്പു സാധ്യത തേടണമെന്ന എഐസിസിയുടെ നിർദേശം വരണാധികാരിയായ ജി.പരമേശ്വര കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി.സതീശൻ, എം.എം.ഹസൻ എന്നിവർ യോഗം ചേർന്നു. കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ജനറൽ ബോഡിയിലെ 280 അംഗങ്ങളെ അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാൻ ധാരണയായി.
ഡിസിസി പ്രസിഡന്റുമാരിൽ എല്ലാവരുടെയും പ്രവർത്തനത്തിൽ കെപിസിസി പ്രസിഡന്റ് തൃപ്തനായിരുന്നില്ല. അഭിപ്രായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അദ്ദേഹം താൽപര്യപ്പെടുമ്പോൾ ഡിസിസികളിൽ മാത്രം മാറ്റം പ്രായോഗികമാവില്ലെന്നാണ് ധാരണ. 
14 ഡിസിസി പ്രസിഡന്റുമാരെയും ഇലക്ടറൽ കോളജിൽ ഉൾപ്പെടുത്തി, ഏറ്റവും ഒടുവിലത്തെ അഴിച്ചുപണിയിൽ ഡിസിസി പ്രസിഡന്റ് സ്ഥാനം പോയവരിൽ കെപിസിസി അംഗങ്ങൾ അല്ലാത്തവരെയും ഉൾക്കൊള്ളിക്കും. മുഴുവൻ എംഎൽഎമാരും കെപിസിസി ജനറൽ ബോഡിയിൽ അംഗങ്ങളായിരിക്കും. അവശേഷിക്കുന്ന ചുരുക്കം ഒഴിവുകളിൽ പരമാവധി യുവാക്കളെയും സ്ത്രീകളെയും പരിഗണിക്കും. ഇതിലേക്കു പരിഗണിക്കേണ്ടവരുടെ പട്ടിക ഉമ്മൻചാണ്ടിയും ചെന്നിത്തലയും കൈമാറി. എഐസിസിയുടെ അന്തിമ അംഗീകാര ഘട്ടത്തിൽ ഈ കരടു പട്ടികയിൽ വലിയ മാറ്റത്തിനു മുതിർന്നാൽ സമവായ സാധ്യതയ്ക്കും അതോടെ മങ്ങലേൽപിക്കുമെന്നു ഗ്രൂപ്പുകൾ നേതൃത്വത്തിനു മുന്നറിയിപ്പു നൽകി. 

കെപിസിസി ജനറൽ ബോഡി അംഗങ്ങളെ നേതാക്കളും ഗ്രൂപ്പുകളും ചേർന്നു പങ്കിട്ടെടുക്കുന്ന പഴയ ഗ്രൂപ്പ് വീതംവയ്പിലേക്ക് തിരിച്ചു പോകുന്നതിന്റെ സൂചന ആണെന്ന വിമർശനവും കോൺഗ്രസിൽ ഉയർന്നു. ചിന്തൻ ശിബിര തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടെന്നാണ് മറ്റൊരു വിമർശനം. ഒരാഴ്ചയ്ക്കുള്ളിൽ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചേക്കും. കെപിസിസി ജനറൽ ബോഡി വിളിച്ച് അധ്യക്ഷന്റെ കാര്യത്തിൽ ധാരണയായ ശേഷം, താഴേക്ക് പേരിന് സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്ന രീതി പിന്തുടരാനാണ് എല്ലാ സാധ്യതയും.