പ്രധാനമന്ത്രി വിളിച്ച കോവിഡ് അവലോകന യോഗം ഇന്ന്

കേരളത്തിൽ നിന്നും ആരോഗ്യമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി വിളിച്ച കോവിഡ് അവലോകന യോഗം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. അതേസമയം അമേരിക്കയിലായതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗത്തിൽ പങ്കെടുക്കില്ല. പകരം ആരോ​ഗ്യമന്ത്രി വീണ ജോർജ് ആകും യോ​ഗത്തിൽ പങ്കെടുക്കുക. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ആഘോഷങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുവേണ്ടിയുള്ള മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും. പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.