മുസ്ലിം യുവാക്കള്‍ ഉള്‍പ്പെട്ട മിശ്രവിവാഹങ്ങളില്‍ ആശങ്കയെന്ന് ദീപിക മുഖപത്രം

മുസ്ലിം യുവാക്കള്‍ ഉള്‍പ്പെട്ട മിശ്രവിവാഹങ്ങളില്‍ ആശങ്കയെന്ന് ദീപിക മുഖപത്രം

കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെയും സിപിഐഎമ്മിനെതിരെയും സിറോ മലബാര്‍ സഭ മുഖപത്രം ദീപിക. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുണ്ടെന്ന് ദീപിക മുഖപ്രസംഗം പറയുന്നു. ലവ് ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഐഎമ്മിനും ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് ദീപിക മുഖപത്രം.  കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കത്തോലിക്കാ യുവതിയെ കാണാതായതും പിന്നീട് ഡിവൈഎഫ്‌ഐക്കാരനായ മുസ്ലിം യുവാവിനൊപ്പം കോടതിയില്‍ ഹാജരായതും, വിവാഹത്തിനു തീരുമാനിച്ചെന്നും യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞതും അനന്തരസംഭവങ്ങളുമൊക്കെ വലിയ വിവാദമായി. വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി യെത്തുടര്‍ന്ന് അവരെ ഇന്നു ഹാജരാക്കണമെന്നു ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതേസമയം, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?.