150 കർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാരിനു മൗനം: രാഹുൽ ​ഗാന്ധി

150 കർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാരിനു മൗനം: രാഹുൽ ​ഗാന്ധി

നരേന്ദ്ര മോദിയുടെ ഭരണം നമ്മുടെ രാജ്യത്തെ പാവങ്ങളുടേതെന്നും പണക്കാരുടേതെന്നും രണ്ട് തരം ഇന്ത്യയാക്കി മാറ്റിയെന്ന് രാഹുൽ ​ഗാന്ധി. അത്തരമൊരു ഇന്ത്യയിൽ ജീവിക്കുക എന്നത് മഹാദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ ബിജെപി ഭരണത്തിൻ 150 കർഷകർ ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി മാണ്ഡ്യയിലെ കൃഷിക്കാരുമായി സംവദിക്കുകയായിരുന്നു. വൻകിട കോർപ്പറേറ്റുകൾക്കും സ്വകാര്യ മുതലാളിമാർക്കും ആറ് ശതമാനം പലിശ നിരക്കിൽ ബാങ്കുകൾ വായ്പ നൽകുന്നു. എന്നാൽ ഇതേ ബാങ്കുകൾ കർഷകർക്കും കർഷക തൊഴിലാളികൾക്കും 24 ശതമാനം നിരക്കിലാണു വായ്പ നല്കുന്നത്. വൻകിടക്കാർ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല. അവരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാണ്. എന്നാൽ വിലത്തകർച്ചയും കൊള്ളപ്പലിശയും മൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വീടിന്റെ ഏക ആശ്രമയമായിരുന്ന കർഷകർ ജീവനൊടുക്കിയതുമൂലം ദുരിതത്തിലായവരുമായി രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച നടത്തി. സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറോളം പേരാണ് സംവാദത്തിൽ പങ്കെടുത്തത്. കുടുംബ നാഥനെക്കുറിച്ചു പറയുമ്പോൾ പലരും വിങ്ങിപ്പൊട്ടി.