കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അവിശുദ്ധബന്ധം: നടിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണം

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അവിശുദ്ധബന്ധം: നടിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

  സർക്കാറിനും വിചാരണകോടതിക്കുമെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. തുടക്കത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും ഹർജിയിൽ ആരോപിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഹർജി ഇന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് പരിഗണിക്കുക. ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി സ്വയം പിന്മാറിയില്ലെങ്കിൽ വാദം കേൾക്കുന്നതിൽ നിന്നും പിന്മാറാൻ അതിജീവിത ഇന്ന് ആവശ്യപ്പെടും. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ‍ർ‍ജിയിൽ ആരോപിക്കുന്നു.