മാതാപിതാക്കളില്‍ നിന്ന് എച്ച്‌ഐവി; കരുണയ്ക്ക് കാത്തുനില്‍ക്കാതെ ബെന്‍സനും മടങ്ങി

മാതാപിതാക്കളില്‍ നിന്ന് എച്ച്‌ഐവി; കരുണയ്ക്ക് കാത്തുനില്‍ക്കാതെ ബെന്‍സനും മടങ്ങി

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എച്ച്‌ഐവി ബാധിച്ച് മരണപ്പെട്ട ബെന്‍സി എന്ന പെണ്‍കുട്ടിയുടെ സഹോദരനും മരണത്തിലേയ്ക്ക് നടന്നുകയറി. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച രോഗത്തിന്റെ ശേഷിപ്പ് പേറേണ്ടിവന്ന ബെന്‍സിയുടെ സഹോദരനായ ബെന്‍സന്‍ (26) കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്ന ബെന്‍സനും കൂടി യാത്ര ആയതോടെ ആ കുടുംബം പൂര്‍ണമായും വിസ്മൃതിയിലായി. കൊല്ലം കുമ്മല്ലൂര്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. 97ല്‍ ചാണ്ടിയും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മേരിയും മരിച്ചതോടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണത്തിലായിരുന്നു ബെന്‍സിയും ബെന്‍സനും. ഒരു തെറ്റും ചെയ്യാതെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച രോഗബാധയില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ദുരിതങ്ങളുടെ പെരുമഴയാണ്. ബെന്‍സി നഴ്‌സറി സ്‌കൂളിലായിരുന്ന സമയത്താണ് കുട്ടികള്‍ എച്ച്‌ഐവി ബാധിതരാണെന്നറിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും കൈതക്കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍, എച്ച്‌ഐവി പോസിറ്റീവായ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യമായി സ്‌കൂള്‍ പിടിഐ രംഗത്തുവന്നു. തുടര്‍ന്ന് കുട്ടികളെ സമീപത്തെ ലൈബ്രറിയില്‍ ഇരുത്തി പ്രത്യേകം അധ്യാപകരെ നിയമിച്ച് പഠിപ്പിച്ചു. സന്നദ്ധസംഘടനകളും സര്‍ക്കാരും ആരോഗ്യവകുപ്പും ഇടപെട്ട് നടത്തിയ ബോധവത്കരണത്തിനൊടുവില്‍ കുട്ടികളെ സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിലിരുത്തി പഠിപ്പിച്ചു. 2003ല്‍ കൊച്ചിയിലെത്തിയ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിനെ ഇരുവരും സന്ദര്‍ശിച്ചിരുന്നു. ഇത് വഴിത്തിരിവായി. അക്കൊല്ലം സെപ്തംബര്‍ 28ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് കുട്ടികളെ കണ്ടു. ഏറെ വാത്സല്യത്തോടെ അവരോട് പെരുമാറിയ സുഷമ കുട്ടികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള ചികിത്സാ ചെലവും ശരിയാക്കിയാണ് മടങ്ങിയത്. 2005 ജനുവരി 12ന് കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെ ഒറ്റയ്ക്കാക്കി ഗീവര്‍ഗീസ് ജോണി മരണപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു ഇരുവരും. പിന്നീട് സംസ്ഥാന ഭരണകൂടവും വിവിധ സന്നദ്ധസംഘടനകളും സുമനസ്സുകളുടെ കാരുണ്യവുമൊക്കെ ചികിത്സാ സഹായമായി ഇവരെ പലപ്പോഴും തേടിയെത്തി. 2010ല്‍ ബെന്‍സി മരിച്ചു. തലച്ചോറിലുണ്ടായ അണുബാധയാണ് ബെന്‍സിയുടെ ജീവനെടുത്തത്. കുറച്ചു കാലം മുന്‍പ് മുത്തശ്ശിയും പോയി. പിന്നീട് ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു ബെന്‍സണ്‍. ബന്ധുവിന്റെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയനൈരാശ്യം മൂലമാണ് ബെന്‍സണ്‍ ജീവനൊടുക്കിയതെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.