സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: പി കെ ഫൈസൽ
കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോപം നടത്തും
സംസ്ഥാനത്ത് കാട്ടാനകൾ, പന്നികൾ മുതലായ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരുപാട് മനുഷ്യജീവനുകൾ പൊലിയുകയും , വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരും, വനംവകുപ്പ് അധികൃതരും നിസ്സഹായരായി നോക്കി നിൽക്കുകയാണെന്ന് കാസറഗോഡ് ഡിസിസി പ്രസിഡന്റ് പി കെ. ഫൈസൽ ആരോപിച്ചു. മുളിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ, ജില്ലയിലെ വനമേഖലയിൽ താമസിക്കുന്ന കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സർക്കാറിന്റെ ഈ നിരുത്തരവാദപരമായ നിലപാട് ഇനിയും തുടർന്നാൽ ഡിസിസി യുടെ നേതൃത്വത്തിൽ കർഷകർക്ക് നീതി ലഭ്യമാക്കുന്നതുവരെ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മന്ത്രിമാരും കുടുംബങ്ങളും സുഖലോലുപതയിൽ കഴിയുമ്പോൾ വനംവകുപ്പിലെ വാച്ചർമാർക്കും മറ്റും കൃത്യമായ ശമ്പളമോ, വാഹന സൗകര്യമോ ഒരുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനകളെ തുരത്താൻ രൂപീകരിച്ച
ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) ഉദ്യോഗസ്ഥർക്ക് ദ്രുതഗതിയിൽ വനപ്രദേശത്ത് എത്തിച്ചേരാനുള്ള വാഹനസൗകര്യം പോലും ലഭ്യമാക്കാത്ത ഭരണസംവിധാനമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുളിയാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ ടി. ഗോപിനാഥൻ നായർ, ബി സി. കുമാരൻ, ഡികെടിഎഫ് ജില്ലാ ജനറൽ സെക്രട്ടറി ഇ. മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർദ്ദനൻ, നേതാക്കളായ മണികണ്ഠൻ ഓംബയിൽ, മധുസൂദനൻ കോടി, വേണുഗോപാലൻ കൂടാല, ഇ.പവിത്രസാഗർ, സ്വരാജ് കാനത്തൂർ, ടി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ.ബാലകൃഷ്ണൻ പാണൂർ സ്വാഗതവും, കൃഷ്ണൻ ചേടിക്കാൽ നന്ദിയും പറഞ്ഞു.