എ കെ ആന്റണി ഡൽഹിയിൽ നിന്നും പടിയിറങ്ങുന്നു
കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ഉണ്ടാകുമെന്നും ആന്റണി
കോൺഗ്രസ് ന്റെ പരമോന്നത സമിതിയായ പ്രവർത്തക സമിതിയിൽ ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെ പി സി സി ഓഫീസ് കേന്ദ്രികരിച്ചു പ്രവർത്തിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഇന്ദിരാഗാന്ധി മുതൽ ഇങ്ങോട്ടുള്ള കോൺഗ്രസ് അധ്യക്ഷരോടൊപ്പം പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് -
ദില്ലിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ്. ഇതുവരെ തന്ന സ്നേഹത്തിനും സഹകരണത്തിനും എല്ലാവരോടും നന്ദി പറയുന്നു. ഈ ഘട്ടത്തിൽ മാധ്യമങ്ങളെ ആരേയും പ്രത്യേകിച്ച് കാണുന്നില്ല. പ്രത്യേകിച്ച് ഒരു പദ്ധതിയും ആയിട്ടല്ല നാട്ടിലേക്ക് മടങ്ങുന്നത്. രണ്ട് മൂന്ന് മാസമെങ്കിലും വലിയ തിരക്കുകളിലേക്ക് ഇല്ല. ഇനിയുള്ള പ്രവർത്തനം എങ്ങനെ വേണമെന്ന് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പാർട്ടി അനുവദിക്കുന്ന കാലത്തോളം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലുണ്ടാകും. കേരളത്തിൽ പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പ്രവർത്തിയും തന്നിൽ നിന്നും ഉണ്ടാകില്ല വിവിധ നേതാക്കളോടൊപ്പം വർഷങ്ങളോളം കോൺഗ്രസിൽ നിന്നും പ്രവർത്തിക്കാനായി. സമയം ആകുമ്പോൾ പദവികളിൽ നിന്ന് മാറണം എന്നതാണ് എൻ്റെ നിലപാട്. രാഷ്ട്രീയ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും മനസാക്ഷിക്ക് അനുസരിച്ചാണ് എടുത്തിട്ടുള്ളത്. പാർട്ടി തന്നെപ്പോലെ അവസരം മറ്റാർക്കും നൽകിയിട്ടില്ല. ജനങ്ങൾ വലിയ ഔദാര്യം കാണിച്ചു. എല്ലാവരോടും കടപ്പാടുണ്ട്. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ 101 ശതമാനം സംതൃപ്തനാണ് താൻ. രാഷ്ട്രീയ ജീവിതത്തിൽ വലിയ പിന്തുണ തന്ന നെഹ്റു കുടുംബത്തെ മറക്കാനാകില്ല. പാർട്ടിയിലേക്ക് തിരിച്ച് വന്നപ്പോൾ മറ്റാരോടും കാണിക്കാത്ത പരിഗണന തനിക്ക് പാർട്ടി നൽകി. രാജവാഴ്ചയിൽ പോലും ആരും നിലനിൽക്കുന്നില്ല. എന്നാൽ കാലത്തെ അതിജീവിച്ച് കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നു. രാജ്യത്ത് എല്ലായിടത്തും സംഘടനയുണ്ട്. നിലവിലെ പ്രതിസന്ധിയിൽ നിന്നും കോൺഗ്രസ് തിരിച്ച് വരാനുള്ള മാർഗം ഉരുത്തിരിയുന്നുണ്ട്. കോൺഗ്രസ് തന്നെ പ്രതിപക്ഷത്തെ നയിക്കണം. കോൺഗ്രസിനെ മാറ്റി നിർത്തി ബദൽ സാധ്യമല്ല, അടുത്ത മാസം രാജസ്ഥാനിൽ നടക്കുന്ന ചിന്തൻ ശിബിരം കോൺഗ്രസിന് വഴിത്തിരിവാകും. രാജ്യത്ത് ധ്രുവീകരണ രാഷ്ട്രീയം ശക്തിപ്പെടുന്നത് ആണ് പ്രധാന പ്രശ്നം. സംസ്ഥാന രാഷ്ട്രീയം ദേശീയ തലത്തിൽ ബാധിക്കാൻ പാടില്ല. ചാരായ നിരോധനം തെറ്റായിരുന്നില്ല. സ്വാശ്രയ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടുള്ള നയങ്ങളിൽ വലിയ എതിർപ്പ് നേരിട്ടു. ഇന്ന് അതിനെ എല്ലാവരും അനുകൂലിക്കുന്നു. ഇന്ന് വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും കേരളത്തിന് മികവ് ഉണ്ടാക്കാൻ കഴിഞ്ഞു. സമീപകാല രാഷ്ട്രീയത്തിൽ കരുണാകരനോളം മികച്ച ആളില്ല കരുണാകരന്റെ അഭാവം പാർട്ടിയിൽ എപ്പോഴും ഉണ്ടാകും. വിമർശനങ്ങൾ എപ്പോഴും നല്ലതാണ്. പൂച്ചെണ്ടുകൾ ആണ് അപകടം. കാലഘട്ടത്തിന്റെ ആവശ്യം നോക്കിയാണ് ഞാൻ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. മുൻപ് എടുത്ത തീരുമാനങ്ങൾ എല്ലാം അന്നത്തെ ശരികളായിരുന്നു. നെഹ്റു കുടുംബത്തിന്റെ തീരുമാനങ്ങൾക്കെതിരെ എത്രയോ തവണ നിലകൊണ്ടിട്ടുണ്ട്. വിമർശിക്കുന്നവരെ പാർട്ടി നശിപ്പിക്കുമെങ്കിൽ തന്നെയാണ് ആദ്യം നശിപ്പിക്കേണ്ടിയിരുന്നത്.