പച്ച വിരിച്ച മലപ്പുറത്തേക്ക് രാഹുൽ ​ഗാന്ധിയുടെ ഹരിത സൗഹൃദ മഹായാത്ര

പച്ച വിരിച്ച മലപ്പുറത്തേക്ക് രാഹുൽ ​ഗാന്ധിയുടെ ഹരിത സൗഹൃദ മഹായാത്ര

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട്‌ ജില്ലയിലെ പ്രയാണം പൂർത്തിയാക്കി. ഇന്ന് രാവിലെ 6:30ന് പുലാമന്തോൾ പാലത്തിലൂടെ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ നേതൃത്വത്തിൽ അതിരാവിലെ തന്നെ വൻ ജനാവലിയാണ് രാഹുൽ ഗാന്ധിയെയും നൂറ്റിപ്പതിനേഴ് ഭാരത് യത്രികരേയും സ്വീകരിച്ചത്. നൂറ്റിമുപ്പതോളംവരുന്ന പ്രദേശ് യാത്രികരും യാത്രയിൽ അനുഗമിക്കുന്നുണ്ട്.
രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചിട്ട് ഇന്ന് 17 ദിവസം പൂർത്തിയാകുന്നു. ഈ മാസം ഏഴിനു കന്യാകുമാരിയിൽ നിന്നാണ് ജാഥ തുടങ്ങിയതെങ്കിലും പതിനൊന്നിനാണ് അതിർത്തി ​ഗ്രാമമായ പാറശാലയിലെത്തിയത്. അന്നു മുതൽ ഇടതടവില്ലാതെ മുന്നേറുന്ന യാത്ര ഒരു ദിവസം മാത്രമേ നിർത്തി വച്ചുള്ളൂ. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരള നേതാക്കളെല്ലാം കെപിസിസി ഓഫീസിൽ എത്തിയ പതിനാറിനു മാത്രം. കേരളത്തിൽ ഇതിനകം 350 കിലോമീറ്റർ ദൂരം പദയാത്ര പിന്നിട്ടു. മൊത്തത്തിൽ 450 കിലോ മീറ്ററാണ് ഇതിനകം രാഹുൽ ​ഗാന്ധിയും മുന്നൂറോളം സ്ഥിരം പദയാത്രികരും ന‌ടന്നു തീർത്തത്. കേരളത്തിൽ മാത്രം ഏഴു ജില്ലകളിലായി ആകെ 450 കിലോമീറ്റർ ദൂരം രാഹുലും സംഘവും നടക്കും. വ്യാഴാഴ്ച രാത്രി ​ഗൂഡല്ലൂർ വഴി കർണാടകത്തിലേക്കു പോകും. 22 ദിവസം പിന്നിട്ട മഹാ യാത്രയിലെ അച്ചടക്കവും പരിസ്ഥിതി സൗഹൃദ സമീപനങ്ങളും വലിയ തോതിൽ ജനപ്രീതി നേടിയിട്ടുണ്ട്.
ഭാരത് ജോഡോ പദയാത്ര മൂന്ന് ദിവസമാണ് മലപ്പുറം ജില്ലയിൽ പ്രയാണം നടത്തുന്നത്. ഇന്നത്തെ യാത്രയുടെ ആദ്യഘട്ടം രാവിലെ 11ന് പട്ടിക്കാട് എത്തിച്ചേരും. എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിശ്രമത്തിനുശേഷം വൈകീട്ട് 4ന് പട്ടിക്കാട് നിന്നും ആരംഭിക്കുന്നയാത്ര 7ന് പാണ്ടിക്കാട്ട് സമാപിക്കും. തച്ചിങ്ങനാടം ഹൈ സ്കൂളിൽ വിശ്രമം.
വ്യാഴാഴ്ച വൈകുന്നേരത്തോടെ മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാകും. മലപ്പുറത്തിന്റെ വീരനായകൻ ആര്യാടൻ മുഹമ്മദിന്റെ വിയോ​ഗം കരിനിഴൽ വീഴ്ത്തിയെങ്കിലും മലപ്പുറത്തെ യുഡിഎഫ് പ്രവർത്തകർ അപ്പാടെ ഭാരത് ജോ‍ഡോ യാത്രയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. ആര്യാടൻ മുഹമ്മദ് ഉയർത്തിപ്പിടിച്ച മതേര ജനാധിപത്യ കാഴ്ചപ്പാട് ഭാരതമാകെ അലയടിക്കേണ്ട സാഹചര്യമാണെന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നു. വയനാട് എംപികൂടിയായ രാഹുൽ ​ഗാന്ധി അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലൂടെയാണ് ജാഥ നയിച്ചു പോകുന്നതെന്ന പ്രത്യേകത കൂടി മലപ്പുറത്തെ ഭാരത് ജോഡോ യാത്രയ്ക്കുണ്ട്.