പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വളച്ചൊടിച്ചു തന്നെയും കുടുംബത്തെയും അപമാനിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി ഉമാ തോമസ്
സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ തൃക്കാക്കര എം എല്‍ എ ഉമാ തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതിപക്ഷ നേതാവിന്റ നിയമസഭാ പ്രസംഗം വളച്ചൊടിച്ച് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുകയായാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഉമ തോമസ് പറയുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന നിയമസഭാ പ്രസംഗത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കവേ, തന്റെ സുഹൃത്തിന്റെ മകനുണ്ടായ ദുരനുഭവം വിവരിച്ചിരുന്നു. അതുമായി പി ടി തോമസിന്റെ കുടുംബത്തെ ചേര്‍ത്ത് വെച്ച് ചിലര്‍ സി പി എം അനുകൂല ഗ്രൂപ്പുകളില്‍ വളരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു. പ്രസ്തുത പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ നിയമപ്രകാരവും, സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുളള നിയമപ്രകാരവും കേസെടുക്കണമെന്നാണ് ഉമ തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്
താന്‍ കൊടുത്ത പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തില്ലങ്കില്‍ കോടതിയെ സമീപിക്കാനാണ് തിരുമാനമെന്നും ഉമ തോമസ് പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉമതോമസ് രേഖപ്പെടുത്തിയത്. ലഹരിമരുന്നിനെതിരെ പി ടി തോമസിനൊപ്പം പല വേദികളിലും ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തനിക്കും കുടുംബത്തിനുമെതിരെ ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും ഉമ തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.