മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കും, ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന്, ഹൈക്കോടതിയുടെ പരിഹാസം
മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയെന്ന് ഹൈക്കോടതിയുടെ പരിഹാസം. തെരുവ് നായ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകി.
കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമര്‍ശം. കോര്‍പ്പറേഷന്‍റെ ലാഘവത്വം വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണമാകുമെന്നും കോടതി പരാമര്‍ശിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. തെരുവ് നായകളെ കൊല്ലണമെന്നല്ല കോടതിയുടെ നിലപാട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ നായശല്യം നിയന്ത്രിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ എന്ന് കോടതി ചോദിച്ചു. രണ്ട് മാസത്തിനുള്ളില്‍ എത്ര പേർ മരിച്ചു. ദേശീയ പാതയിലെ അപകടത്തില്‍ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ ചുമതല ഏത് എന്‍ജിനീയര്‍ക്ക് ആയിരുന്നു എന്ന് കോടതി ചോദിച്ചു.എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയര്‍മാര്‍? കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ട്? എന്‍ജിനീയര്‍മാര്‍ എന്താണ് പിന്നെ ചെയ്യുന്നത്? ഇത്തരം കുഴികള്‍ എങ്ങനെയാണ് അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നത്? തൃശൂര്‍ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാല്‍ ഭയാനക അവസ്ഥയിലാണ്.
സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ കോടതി കടുത്ത വിമര്‍ശനമുന്നയിച്ചു. ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാകാന്‍ എന്ന് കോടതി ചോദിച്ചു. ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ ചുമതലയുള്ള എന്‍ജിനീയര്‍ നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം 19 ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ കളക്ടറെ വിളിച്ചുവരുത്തും. കളക്ടര്‍ കണ്ണും കാതും തുറന്നു നില്‍ക്കണം എന്ന് കോടതി പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട ഹര്‍ജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.