കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി
കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർവകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാൻസലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവർണറെ നീക്കിയത്. 75 വയസ്സിന് മുകളിൽ പ്രായമുള്ള കലാ സാംസ്കാരിക രംഗത്തെ പ്രമുഖനെ ചാൻസലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് ഭേദഗതി വരുത്തി ചാൻസലറെ മാറ്റാൻ കഴിയുമെന്നതാണ് കൽപിത സർവകലാശാലയിൽ ഗവർണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കുംവരെ പ്രോ-ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. 2015-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി ഗവർണറെ നിയമിച്ചത്. ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഗവർണറെ നീക്കിയെന്നും കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാൻസലറായി നിയമിക്കാമെന്നും വ്യക്തമാക്കുന്നത്. പുതിയ ചാൻസലറെ സ്പോൺസറായ സർക്കാർ ഉടനെ തന്നെ നിയമിക്കും.