ഏറ്റവും കൂടുതൽ പ്രതിഷേധം നടത്തിയ ആൾ മുഖ്യമന്ത്രിയായപ്പോൾ കറുപ്പിനോട് അസഹിഷ്ണുത: സിപിഐ
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമര്‍ശനങ്ങള്‍.ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുള്ള പിണറായി വിജയന്‍ എന്ന നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ കറുത്ത മാസ്‌കിനോടും കരിങ്കൊടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന അവസ്ഥ ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയ്ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വര്‍ണക്കടത്ത് കേസിനെ അടക്കം വിമര്‍ശിച്ച് കൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നല്‍കുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനോട് എസ്എഫ്‌ഐ ഫാസിസ്റ്റ് മനോഭാവമാണ് വച്ചു പുലര്‍ത്തുന്നത്. പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണെന്നും പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കുകയാണെന്നും സിപിഐയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ എട്ടാം പേജിലാണ് സിപിഎമ്മിനെതിരായ വിമര്‍ശനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് ആണ് രാഷ്ട്രീയ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിച്ചത്