കോടനാട് കൊലപാതകം: ശശികലയെ ചോദ്യം ചെയ്യുന്നു
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ കോടനാട് എസ്റ്റേറ്റ് കൊള്ള, കൊലക്കേസില്‍ പ്രത്യേക അന്വേഷണ സംഘം വി കെ ശശികലയെ ചോദ്യം ചെയ്യുന്നു. നീലഗിരിയില്‍ നിന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെന്നൈ ടി നഗറിലെ വീട്ടില്‍ വച്ചാണ് ശശികലയെ ചോദ്യം ചെയ്യുന്നത്. 2017 ഏപ്രിലിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊള്ളയടിക്കപ്പെട്ടത്. എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന വസ്തുവകകളും രേഖകളും എന്തൊക്കെ എന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുന്നത്. 2017 ഏപ്രില്‍ 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്റെ എട്ടാം ഗേറ്റില്‍ രണ്ട് കാറുകളില്‍ എത്തിയ പന്ത്രണ്ടംഗ സംഘം കാവല്‍ക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിലായിരുന്നു. ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനല്‍ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്. സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റര്‍ മാസങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തു.