50 ലക്ഷം പോയിട്ട് 500 പേരില്ല!! മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ പരാജയമെന്ന് തോമസ് 

50 ലക്ഷം പോയിട്ട് 500 പേരില്ല!! മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ പരാജയമെന്ന് തോമസ് 



കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ്. കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പയിന്‍ വന്‍ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാം. കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അംഗത്വ ക്യാമ്പയിന്‍ ഗൗരവത്തിലെടുത്തില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയിരുന്നു. കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച സമയം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെ വി തോമസ്, പി ജെ കുര്യന്‍ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കട്ടെയെന്നും യോഗത്തില്‍ തീരുമാനമായി.