ഡല്‍ഹിയിലെ ഓപ്പറേഷന്‍ താമര വാടി വീണു; കെജ്‌രിവാളിന് വിജയം
ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിളിച്ച യോഗത്തില്‍ 54 എംഎല്‍എമാര്‍ പങ്കെടുത്തതായി വിശദീകരണം. ആകെയുള്ള 62 എംഎല്‍എമാരില്‍ 54 പേരും യോഗത്തിനെത്തിയതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് അറിയിച്ചു. യോഗത്തിനെത്താത്ത ഏഴ് എംഎല്‍എമാര്‍ ഡല്‍ഹിക്കു പുറത്തായതുകൊണ്ടാണ് വരാത്തതെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാക്കിയുള്ള ഒരാള്‍ ജയിലിലുള്ള സത്യേന്ദര്‍ ജെയിനാണെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ആകെയുള്ള 70 എംഎല്‍എമാരില്‍ 62 പേരും ആംആദ്മി പാര്‍ട്ടിക്കാരാണ്. എട്ടു പേര്‍ മാത്രമാണ് പ്രതിപക്ഷമായ ബിജെപിക്കുള്ളത്. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കുറഞ്ഞത് 28 എംഎല്‍എമാരുടെയെങ്കിലും പിന്തുണ വേണമെന്നിരിക്കെയാണ് അട്ടിമറി സാധ്യത ചര്‍ച്ചയായത്.