പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നും പുത്തലത്ത് ദിനേശന്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെ നിയമിച്ചത്. പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരാവും. തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും. ഇതുസംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രന്‍ പിള്ളക്ക്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവും ശശിക്ക് കൈമുതലാണ്. അതേസമയം സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. എ വിജയരാഘവന്‍ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദന്‍ പിബി അംഗമായപ്പോള്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വര്‍ഷക്കാലം കണ്ണൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജന്‍ ആയിരുന്നു