തൃക്കാക്കരയില്‍ ഉമ തന്നെ; കളമറിഞ്ഞ് തോമസും മകളും പിന്മാറി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് എത്തുമെന്ന് ഉറപ്പായി. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജില്ലാ ആസ്ഥാനമായ തൃക്കാക്കര പിടിക്കാന്‍ ഉമയല്ലാതെ മറ്റൊര് പേര് യുഡിഎഫിന്റെ മുന്നിലില്ല. തൃക്കാക്കരയുടെ എല്ലാമെല്ലാമായ പിടിയുടെ പത്‌നിയായ ഉമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് വോട്ടര്‍മാരും പൊതുജനങ്ങളും. തൃക്കാക്കരയില്‍ ഉമ എത്തുന്നതോടെ ആകെയുണ്ടായിരുന്ന ചെറിയ ജയപ്രതീക്ഷയും കൈവിട്ട മട്ടാണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ മൂന്ന് വട്ടവും സിപിഎം സഹയാത്രികരെയാണ് തൃക്കാക്കരയില്‍ പരീക്ഷിച്ചിട്ടുള്ളത്. രണ്ട് വട്ടം പിടി തോമസിന് മുന്നിലും ഒരു തവണ ബെന്നി ബെഹ്നാന് മുന്നിലും എല്‍ഡിഎഫിന് അടിതെറ്റി. ഇക്കുറി കെ വി തോമസിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്ക്കൂട്ടല്‍ കൂടിയാണ് ഉമയുടെ വരവോടെ തകിടം മറയുന്നത്. തോമസിന്റെ മകള്‍ രേഖ തോമസിന്റെ അപ്രതീക്ഷിത എന്‍ട്രിയും എല്‍ഡിഎഫ് കണക്ക്കൂട്ടിയിരുന്നു. ഉമയാണ് മറുവശത്തെങ്കില്‍ മത്സരിച്ചിട്ട് കാര്യമില്ലെന്ന് പാര്‍ലമെന്ററി രംഗത്ത് പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുംചെന്ന കെ വി തോമസിന് ഉത്തമ ബോധ്യമുണ്ട്. മകളും മത്സര രംഗത്തുണ്ടാകില്ലെന്ന് കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തമാസമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. ബിജെപി മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനെ മണ്ഡലത്തില്‍ പരീക്ഷിച്ചേക്കും.