പാര്‍ട്ടി കോണ്‍ഗ്രസ് വി എസിനെ മറന്നു; വിസ്മൃതിയിലായി ആ പോരാട്ടങ്ങള്‍

സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി സിപിഎമ്മിന് രൂപം നല്‍കിയ 32 നേതാക്കന്മാരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേരുമാത്രമാണുള്ളത്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവായ എന്‍ ശങ്കരയ്യയും വി എസ് അച്യൂതാനന്ദനും. ശങ്കരയ്യയ്ക്ക് തമിഴ്‌നാട്ടിലെ പാര്‍ട്ടിയില്‍...

പാര്‍ട്ടി കോണ്‍ഗ്രസ് വി എസിനെ മറന്നു; വിസ്മൃതിയിലായി ആ പോരാട്ടങ്ങള്‍

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് നാളെ സമാപിക്കാനിരിക്കെ സംസ്ഥാനത്തെ പാര്‍ട്ടിയെ പതിറ്റാണ്ടുകളായി നയിച്ച വി എസ് അച്യൂതാനന്ദനെന്ന കരുത്തനായ നേതാവും എന്നന്നേയ്ക്കുമായി വിസ്മൃതിയിലായി കഴിഞ്ഞു. കണ്ണൂര്‍ ചുവന്ന് തുടുത്തുവെന്ന് സിപിഎം അവകാശപ്പെടുമ്പോള്‍ കേരളത്തില്‍ ആ ചുവപ്പിന് കടുപ്പം ഏറെ നല്‍കിയ വി എസ് എന്ന രണ്ടക്ഷരത്തെ പാര്‍ട്ടി പൂര്‍ണമായും അവഗണിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയിലോ പരിസരത്തോ വി എസിന്റെ ഒരു ചിത്രം പോലും കാണാനാകുന്നില്ല. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നപ്പോഴും വി എസിനെ പാര്‍ട്ടി പൂര്‍ണമായും അവഗണിച്ചുവെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ മണ്‍മറിഞ്ഞു പോയ നേതാക്കളുടെയും പ്രസംഗിക്കുന്ന നേതാക്കളുടെയും ചിത്രങ്ങള്‍ വച്ചാല്‍ മതിയെന്ന തീരുമാനപ്രകാരമാണ് വി എസിനെ ഒഴിവാക്കിയതെന്നാണ് അന്ന് പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ അവഗണനയെപറ്റി ചോദിക്കുമ്പോഴും ഈ മറുപടിയാണ് നേതാക്കളില്‍ നിന്ന് കിട്ടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും അന്യായമാണെന്നാണ് അണികള്‍ പറയുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ഹൈദരാബാദില്‍ വി എസ് എത്തിയിരുന്നു. അന്ന് അദേഹത്തെ പാര്‍ട്ടി ആദരിക്കുകയും ചെയ്തു. പാര്‍ട്ടി കോണഗ്രസിന് കണ്ണൂര്‍ വേദിയാകുമ്പോള്‍ പ്രിയ നേതാവിന്റെ ഒരു സന്ദേശമെങ്കിലും വായിക്കണമായിരുന്നുവെന്നും അണികള്‍ ചൂണ്ടിക്കാട്ടുന്നു. 1964 ഏപ്രില്‍ 11ന് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി സിപിഎമ്മിന് രൂപം നല്‍കിയ 32 നേതാക്കന്മാരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേരുമാത്രമാണുള്ളത്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവായ എന്‍ ശങ്കരയ്യയും വി എസ് അച്യൂതാനന്ദനും. ശങ്കരയ്യയ്ക്ക് തമിഴ്‌നാട്ടിലെ പാര്‍ട്ടിയില്‍ ഇന്നും വലിയ സ്വീകര്യതയാണുള്ളത്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അദേഹത്തിന്റെ എഴുതി തയാറാക്കിയ സന്ദേശം വായിക്കുകയും ചെയ്തു. വി എസിനൊപ്പം അന്ന് ഇറങ്ങി പോയ നേതാക്കളായ ഇഎംഎസ്, എ കെ ജി, കുഞ്ഞമ്പു തുടങ്ങിയവര്‍ മണ്‍മറഞ്ഞു പോയി കഴിഞ്ഞു. ശേഷിക്കുന്ന വി എസിന് അദേഹത്തിന്റെ അസാനിധ്യത്തിലും ഉചിതമായ പരിഗണന സമ്മേളന നഗരിയില്‍ നല്‍കേണ്ടതായിരുന്നു. തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയാണ് മുന്‍ മുഖ്യമന്ത്രികൂടിയായ വി എസ് അച്യൂതാനന്ദന്‍.