ആർഎസ്എസ് നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു ; വി.ഡി സതീശൻ
ഗോൾവാൾക്കറിനെ കുറിച്ചുള്ള പരാമർശത്തിൽ ആർ.എസ്.എസ് നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സതീശൻ പറഞ്ഞു. ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടീസാണ്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും നിയമനടപടി നേരിടാൻ തയാറാണെന്നും സതീശൻ പറഞ്ഞു.
ഗോൾവാൾക്കറിനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആർഎസ്എസ് നോട്ടീസ് അയച്ചിരുന്നു. മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്സ് എന്ന പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് എതിരെയാണ് നോട്ടീസ്. ഈ പുസ്‌കത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. എന്നാൽ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സിൽ സജി ചെറിയാൻ പറഞ്ഞ വാക്കുകളില്ലെന്ന് ആർഎസ്എസ് നോട്ടീസിൽ പറയുന്നു. സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകൾ ബഞ്ച് ഓഫ് തോട്ട്സിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്