വോണിന് ആദരമര്‍പ്പിച്ച് പ്രത്യേക ജേഴ്‌സിയില്‍ രാജസ്ഥാന്‍ ഇന്നിറങ്ങും

രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. 

വോണിന് ആദരമര്‍പ്പിച്ച് പ്രത്യേക ജേഴ്‌സിയില്‍ രാജസ്ഥാന്‍ ഇന്നിറങ്ങും

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നത്തെ മത്സരം മുന്‍ ക്യാപ്റ്റന്‍ ഷെയിന്‍ വോണിനുള്ള സമര്‍പ്പണം. ഷെയിന്‍ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്‌സി അണിഞ്ഞാണ് റോയല്‍സ് ഇന്ന് കളത്തിലിറങ്ങുക. രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. 
ഷര്‍ട്ട് കോളറില്‍ 'എസ്ഡബ്ല്യു23' എന്നെഴുതിയ ജഴ്‌സി അണിഞ്ഞാണ് ഇന്ന് റോയല്‍സ് കളിക്കുക. ഷെയിന്‍ വോണിന്റെ ജഴ്‌സി നമ്പരായിരുന്നു 23. പ്രത്യേക ജഴ്‌സി അണിഞ്ഞ് കളിക്കാനിറങ്ങുമെന്ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ റോയല്‍സ് അറിയിച്ചു. ഷെയിന്‍ വോണിന്റെ സഹോദരന്‍ ജേസണ്‍ റോയല്‍സിന്റെ പ്രത്യേക ക്ഷണ പ്രകാരം ഇന്ന് കളി കാണാന്‍ സ്റ്റേഡിയത്തിലെത്തും.  2008ല്‍ നടന്ന ആദ്യ ഐപിഎലില്‍ ഷെയിന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയിരുന്നു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി ജേതാക്കളായ രാജസ്ഥാന്‍ പിന്നീട് ഇതുവരെ കപ്പടിച്ചിട്ടില്ല. കഴിഞ്ഞ മാസം നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് വോണ്‍ മരണപ്പെടുകയായിരുന്നു.