മുട്ടുമടക്കി കെഎസ്ഇബി സിപിഎം അനുകൂല സംഘടന

സ്ഥലം മാറ്റം കിട്ടിയ ഓഫീസിൽ ജോലിക്കെത്തും

മുട്ടുമടക്കി കെഎസ്ഇബി സിപിഎം അനുകൂല  സംഘടന

വൈദ്യുതി ബോർഡ് ചെയർമാനു മുന്നിൽ സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നിരുപാധികം കീഴടങ്ങി. പാർട്ടി നേതാക്കളായ എം.എം. മണി, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ ഇടപെട്ടിട്ടു പോലും ഒരിഞ്ചും വിട്ടുകൊടുക്കാതെ ബോർഡ് ചെയർമാൻ ബി. അശോക് കരുത്ത് തെളിയിച്ചു.

ബോർഡ് അം​ഗങ്ങളെ എടാ പോടാ എന്നു യൂണിയൻ നേതാക്കൾ വിളിച്ചാൽ ഇരിയെടോ അവിടെ എന്ന് ആജ്ഞാപിക്കുമെന്ന ചെയർമാന്റെ ഭീഷണി പഞ്ചപുച്ഛമടക്കി അനുസരിച്ച് അസോസിയേഷൻ പ്രസിഡന്റ്എം.ജി. സുരേഷ് അടക്കമുള്ളവർ ഇന്നു സ്ഥലം മാറ്റപ്പെട്ട സ്ഥലങ്ങളിൽ ജോലിക്കു കയറും. തുടർ പ്രക്ഷോഭ പരിപാടികളെല്ലാം നിർത്തിവച്ചതായി അസോസിയേഷൻ അറിയിച്ചു. മേയ് 5ന് നടത്തുന്ന ചർച്ചയിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നൽകിയ വാക്കാലുള്ള ഉറപ്പ് മാനിച്ചാണത്രേ സമരത്തിൽ നിന്നു പിന്മാറുന്നത്. എന്നാൽ സമരക്കാരുമായി ഒരു ഒത്തുതീർപ്പും വേണ്ടെന്ന കർശന നിർദേശം നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്കു പോയത്. എം.എം. മണിയടക്കമുള്ള പാർട്ടി നേതാക്കൾ ഇതിൽ ഇടപെടരുതെന്ന നിർദേശവും വന്നതോടെ മണിയും ആനന്ദനും പത്തി മടക്കി.

ഒടുവിൽ ​ഗത്യന്തരമില്ലാതെ അസോസിയേഷൻ എല്ലാ സമരങ്ങളും പിൻവലിച്ച് ജോലിക്ക് ഹാജരാകാൻ തീരുമാനിച്ചു. ഇതുപോലൊരു നാണം കെട്ട കീഴടങ്ങൽ അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമാണ്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ സമരത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന ചെയർമാന്റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ എം ജി സുരേഷ് കുമാർ, കെ ഹരികുമാർ, ജാസ്മിൻ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിൻവലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കൾ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളിൽ ഇന്ന് ജോലിയിൽ പ്രവേശിക്കും. സസ്പെൻഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നൽകി. സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങൾക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും, ജോലിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണം നൽകി. ചെയർമാന്റെ നടപടികൾക്കെതിരെ മെയ് 4 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല ജാഥകളും റദ്ദാക്കി. കെഎസ്ഇബിയിലെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്ക് നൽകാനിരുന്ന ലഘുലേഖയുടെ വിതരണവും വേണ്ടെന്നുവച്ചു. ജനവികാരം എതിരായതും, മറ്റ് സംഘടനകളുടെ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.