സിൽവർ ലൈൻ: സംയുക്ത സർവേയ്ക്ക് ടെണ്ടർ വിളിച്ചു

പൂർണമായും ജിപിഎസ് ഉപയോഗിച്ച് പൂർത്തിയാക്കും

സിൽവർ ലൈൻ: സംയുക്ത സർവേയ്ക്ക് ടെണ്ടർ വിളിച്ചു

   കല്ലിടൽ വേണ്ടെന്നും പൂർണമായും ജിപിഎസ് ഉപയോഗിച്ച് സർവേ പൂർത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിൽ സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സർവേ നടത്താൻ കെ റെയിൽ അധികൃതർ ടെണ്ടർ വിളിച്ചു. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സർവേ നടത്തേണ്ടത്.

  സിൽവർലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിർത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്. രണ്ട് മാസത്തിനകം സർവെ പൂർത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ വ്യവസ്ഥയുണ്ട്. പൂർണമായും ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നതാണ് നിർദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സർവെ നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് റെയിൽവെ ബോർഡുമായി കെറെയിൽ അധികൃതർ ആശയവിനിമയം നടത്തിയത്. റെയിൽവെ ബോർഡിന് മുന്നിൽ ഡിപിആർ അവതരിപ്പിച്ചപ്പോൾ സംയുക്ത സർവേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരുന്നു.