നിർമാണത്തിലെ അഴിമതി പരമ്പരയാകുന്നു: മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവറും ഇടിഞ്ഞു താണു

കൂളിമാട് കടവ് പാലവും ഐ ടി മിഷൻ കെട്ടിടവും തകർന്നത്തിന് പിന്നാലെ

നിർമാണത്തിലെ അഴിമതി പരമ്പരയാകുന്നു: മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവറും ഇടിഞ്ഞു താണു

 കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലവും തിരുവനന്തപുരത്ത് ഐടി മിഷൻ കെട്ടിടവും തകർന്നു വീണതിന് പിന്നാലെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫ്ലൈ ഓവറും ഇടിഞ്ഞു താണു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വേഗത്തിൽ ഉദ്ഘാടനം നടത്താനായി തീരുമാനിച്ച ഫ്ലൈ ഓവറാണ് നിർമാണത്തിലെ അപകാത മൂലം ഇന്നലെ തകർന്നത്.

മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനം എന്ന പേരിൽ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നിർമിച്ച പാലമാണിത്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ മേൽപ്പാലമെന്ന അവകാശവാദത്തോടെയായിരുന്നു നിർമാണം. യൂണീഫോം സ്ലോപ്പിലാണ് ഈ മേൽപ്പാലം നിർമിക്കുന്നതെന്നതെന്നും സർക്കാർ വിശദീകരിച്ചിരുന്നു. റോഡ് മേൽപ്പാല നിർമാണത്തിന് 18.06 കോടി രൂപയാണ് ചെലവ്. ആകെ 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഇൻക്വൽ എന്ന സ്ഥാപനത്തിനാണ്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുല‍ർത്തുന്ന റേ കൺസ്ട്രക്ഷൻ എന്ന കമ്പനി സബ് കോൺട്രാക്ട് എടുത്താണ് ഫ്ലൈ ഓവർ നിർമിച്ചത്. മെഡിക്കൽ കോളേജ് ജംഗ്ഷനിലെ പിഎംആറിനും മെൻസ് ഹോസ്റ്റലിനും സമീപം മുതൽ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻവശം വരെ നീളം വരുന്നതാണ് 365 മീറ്റർ മേൽപാലം. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേൽപ്പാലത്തിന്റെ വീതി. 7.05 മീറ്റർ മോട്ടോർ വേയും 04.05 മീറ്റർ വാക് വേയുമാണ് വിഭാവനം ചെയ്തിരുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ പലവട്ടം നേരിട്ടെത്തി പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.