നിമഷയെ രക്ഷിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് യൂസഫലി
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായി എംഎ യൂസഫലി. റമദാന്‍ പുണ്യദിനങ്ങളില്‍ മക്കയിലെ ഹറംപള്ളിയിലെത്തിയപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം. നിമിഷ പ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കില്‍ ശ്രമങ്ങള്‍ വിജയിക്കട്ടേയെന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും നിമിഷപ്രിയയുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്. അത് സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ കഴിയൂ' എന്നും യൂസഫലി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
'മക്കയില്‍ എത്താന്‍ കഴിഞ്ഞതില്‍ അള്ളാഹുവിനോട് നന്ദി പറയുകയാണ്. ദൈവത്തിന്റെ മുന്നില്‍ പണ്ഡിതനും പാമരനുമെല്ലാം തുല്യമാണ്'. യൂസഫലി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന് ശേഷം ആദ്യമായി മക്കയിലെത്തിയതായിരുന്നു അദ്ദേഹം. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമനിലെ ജയിലിലാണ്. ദയാധനമായി 50 മില്യണ്‍ യെമന്‍ റിയാലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും.