ശസ്ത്രക്രിയ വൈകി; രോഗി മരിച്ചു; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തിലും ശസ്ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവത്തിലും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണം.ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണ് ? ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവിമാരായ ഡോക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും ഏകോപനത്തില്‍ വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താന്‍ സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.