സ്വപ്‌ന സുരേഷിന്റെ ജോലി തെറിച്ചു; സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആക്ഷേപം
പാലക്കാട് : സ്വപ്ന സുരേഷിനെ എച്ച് ആര്‍ ഡി എസ് പുറത്താക്കി. സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആര്‍ ഡി എസ് വ്യക്തമാക്കുന്നു. ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് എച്ച് ആര്‍ ഡി എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസില്‍ എച്ച് ആര്‍ ഡി എസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു. സ്വപ്നക്ക് നാല് മാസം മുമ്പ് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസിന്റെ ഓഫിസില്‍ പൊലീസ് , ക്രൈംബ്രാഞ്ച് , ഇന്റലിജന്‍സ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങുകയാണ്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത് ശമ്പളം നല്‍കുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ലെന്ന് കണ്ടാണ് എച്ച് ആര്‍ ഡി എസ് ജോലി നല്‍കിയതെന്ന് എച്ച് ആര്‍ ഡി എസ് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ സംഭാവനകള്‍ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും എച്ച് ആര്‍ ഡി എസ് വിശദീകരിക്കുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളോട് പൊരുതി നില്‍ക്കാന്‍ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും എച്ച് ആര്‍ ഡി എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു