പ്രതിപക്ഷ നേതാവിനെ വിളിച്ചുവരുത്തിയ ഇ ഡി നടപടി രാഷ്ട്രീയത്തിൽ കേട്ടു കേൾവിയില്ലാത്തത് : കോൺഗ്രസ്

പ്രതിപക്ഷ നേതാവിനെ വിളിച്ചുവരുത്തിയ ഇ ഡി നടപടി രാഷ്ട്രീയത്തിൽ കേട്ടു കേൾവിയില്ലാത്തത് : കോൺഗ്രസ്

  സഭ നടക്കുന്നതിടെ രാജ്യസഭാ  പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാർഗെയെ ഇ ഡി വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സഭ നടക്കുമ്പോൾ  ഇഡി സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് വൻ പ്രതിഷേധത്തിന് കാരണമായി.

 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മല്ലികാര്‍ജുന്‍ ഖാർഗെയെ ഇന്നലെ ഇഡി വിട്ടയച്ചത്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് ഇഡി നോട്ടീസ് നല്‍കിയത്. 

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു . മുദ്രാവാക്യം വിളികളുമായി  ബഹളം തുടർന്ന സാഹചര്യത്തില്‍ ലോകസഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ നാളത്തേക്ക് പിരിയുകയായിരുന്നു. ചെയ്യാവുന്നതൊക്കെ സർക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയെന്ന തന്‍റെ കര്‍ത്തവ്യം തുടരുമെന്നും പാർലമെന്‍റിന് പുറത്ത് രാഹുല്‍ഗാന്ധി പ്രതികരിച്ചു.
അതേസമയം സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അറസ്റ്റുണ്ടാകും എന്ന അഭ്യൂഹം ഇന്നലെ ശക്തമായിരുന്നെങ്കിലും തല്‍ക്കാലം അത്തരം നീക്കമില്ലെന്നാണ് ഇഡി വൃത്തങ്ങൾ നല്‍കുന്ന സൂചന. ഇതിനിടെ ദില്ലി പൊലീസിൽ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതിഷേധിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ ഉള്ളത്. ഈ രാജ്യത്ത് പ്രതിഷേധിക്കാൻ പോലും അനുമതിയില്ലാത്ത സ്ഥിതിയാണെന്നും കെസി പറഞ്ഞു. വിലക്കയറ്റ ചർച്ചയിൽ കേന്ദ്രത്തിന്‍റെ മറുപടി തൃപ്തികരമല്ല. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട, നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.