കോടതി ശിക്ഷിച്ച ജനപ്രതിനിധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. കാസർഗോഡ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം എസ്.കൊഗ്ഗുവിനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യനാക്കിയത്.
2021 ഡിസംബർ 20 മുതലാണ് അയോഗ്യത. ജയിൽ മോചിതനായശേഷം ആറ് വർഷം കൂടി അയോഗ്യതയുണ്ടാകും. പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും അയോഗ്യതയുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് 2020 ഡിസംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗത്തിനെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയോഗ്യനാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയാണ് കമ്മീഷനെ സമീപിച്ചത്.
സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ച് പ്രസ്തുത അംഗത്തിന് 2021 ഡിംസംബർ 20 മുതൽ അയോഗ്യത കൽപ്പിച്ച് കമ്മീഷൻ മാർച്ച് 30 ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബി.എം.എസ് പ്രവർത്തകൻ വിനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചുവരുകയാണ് കൊഗ്ഗു. ശിക്ഷ കാലാവധിയായ നാലു വർഷം പൂർത്തിയാക്കിയതിനുശേഷം ആറു കൊല്ലത്തേക്കുകൂടി അയോഗ്യത ബാധകമായിരിക്കും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ചുജയിച്ച ഇയാൾ ബി.ജെ.പിയുടെ സഹായത്തോടെ സ്ഥിരം സമിതി അധ്യക്ഷനായത് വിവാദമായിരുന്നു. പിന്നീട് കേസിൽ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് കൊഗ്ഗുവിന് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്നു. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് ശിക്ഷ ഒഴിവായിക്കിട്ടാൻ ശ്രമം നടത്തിയെങ്കിലും ഏഴുവർഷം തടവ് നാലുകൊല്ലമായി ചുരുങ്ങുക മാത്രമാണുണ്ടായത്