രണ്ടാം ചര്‍ച്ചയും പരാജയപെട്ടു : വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍
മന്ത്രിസഭാ ഉപസമിതിയും സമരക്കാരും വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാൻ നടത്തിയ രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതരും അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാർ അറിയിച്ചുവെന്ന് സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യർത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തിൽ ചർച്ച പോലും നടന്നില്ല. ചർച്ചകൾ തുടരും .മുഖ്യമന്ത്രിയുമായി ചർച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
കൂടിക്കാഴ്ചയിൽ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ സഭാ പ്രതിനിധികൾ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവർത്തകരെ പ്രകോപിതരാക്കിയത്.
വിഴിഞ്ഞത്ത് ഇന്നും തുറമുഖത്തിനുള്ളിൽ കടന്നു മത്സ്യ തൊഴിലാളികളുടെ സമരം നടന്നു. സമരക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും തുറമുഖത്തിൻ്റെ ഗേറ്റും മറികടന്നാണ് സമരക്കാർ ഉള്ളിൽ കടന്നത്. കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് മേഖലകളിൽ നിന്നുള്ളവരാണ് ഇന്ന് സമരം നടത്തിയത്. സമരസ്ഥലത്ത് സമരക്കാർ എത്തിയ വാഹനങ്ങളുടെ നമ്പർ പൊലീസ് എഴുതിയെടുക്കാൻ ശ്രമിച്ചത് തർക്കത്തിന് ഇടയാക്കി. പൊലീസ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
അതേസമയം വിഴിഞ്ഞത്ത് സമരംചെയ്യുന്നവരോടുള്ള വാശി വെടിഞ്ഞ് മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല സമരം ചെയ്യുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സമരം നീണ്ട് പോകുന്നത് ഒഴിവാക്കണം. എന്നാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.