പ്രമുഖരെ കൊല്ലാന്‍ പദ്ധതിയിട്ടു; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ
കേരളത്തിലെ പ്രമുഖരെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നതുൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ. കേരളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് ആരോപണം.
കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പ്രതികളെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യം. പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ശ്രമിച്ചു. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും പ്രതികളുടെ വീടുകളിലും ഗൂഡാലോചന നടത്തി.
കേരളത്തിലെ പ്രമുഖരെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. വധിക്കാന്‍ ശ്രമിച്ചത് ആരെയൊക്കെയാണ് എന്നതു സംബന്ധിച്ച് റെയ്ഡിനിടെ നിര്‍ണായക രേഖകള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.
വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തില്‍ രക്തചൊരിച്ചില്‍ ഉണ്ടാക്കാന്‍ പ്രതികള്‍ ശ്രമിച്ചു. പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്നും അപേക്ഷയിലുണ്ട്. പ്രതികളെ ഇപ്പോള്‍ പുറത്തുവിട്ടാല്‍ കേസിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനു തടസമാകുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.