ഞങ്ങൾക്ക് തൊഴിൽ വേണം, പ്ലക്കാർഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാർത്ഥികൾ

ഞങ്ങൾക്ക് തൊഴിൽ വേണം, പ്ലക്കാർഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാർത്ഥികൾ


'We need JOBS'  (ഞങ്ങൾക്ക് തൊഴിൽ വേണം) എന്ന പ്ലക്കാർഡുമേന്തി രാഹുൽ ഗാന്ധിയെ കണ്ട് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ. ഓച്ചിറയിൽ നിന്നും കായംകുളത്തേക്കുള്ള യാത്രയിലാണ് ഉദ്യോഗാർത്ഥികൾ രാഹുലിനെ കണ്ടത്. ബിരുദധാന ചടങ്ങിൽ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാർഡുകളും പിടിച്ചുകൊണ്ടാണ് ഉദ്യോഗാർത്ഥികൾ രാഹുലിനേയും കാത്ത് വഴിയിൽ നിന്നത്. പദയാത്ര കടന്നുവന്നതോടെ ഉദ്യോഗാർത്ഥികളെ ശ്രദ്ധയിൽപ്പെട്ട രാഹുൽഗാന്ധി അവരെ അടുത്തേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് അവർ നേരിടുന്ന പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. അല്പനേരം ഉദ്യോഗാർത്ഥികളുമായി സംസാരിച്ച ശേഷമാണ് രാഹുൽഗാന്ധി മുന്നോട്ട് നീങ്ങിയത്. ആലപ്പുഴ സ്വദേശികളായ ഒരുകൂട്ടം ഉദ്യോഗാർത്ഥികളായിരുന്നു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. വർഷങ്ങളായി പ്രധാനപ്പെട്ട കേന്ദ്ര സർവീസുകളിലേക്ക് ഒന്നും തന്നെ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. പഠനം പൂർത്തിയാക്കുന്ന അധികം ആളുകൾക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടയിൽ പറഞ്ഞതായി ചെറുപ്പക്കാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്നലെ രാജ്യത്ത് യൂത്ത്കോൺഗ്രസ് തൊഴിൽ രഹിത ദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മ തുറന്നു കാട്ടുന്ന മുദ്രാവാക്യങ്ങൾ എഴുതിയ ടീഷർട്ടുകൾ ധരിച്ചു കൊണ്ടാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ യാത്രയിൽ പങ്കെടുത്തത്. ഉച്ചയ്ക്കുശേഷം രാഹുൽഗാന്ധി തൊഴിൽരഹിതരായ ചെറുപ്പക്കാരുമായി സംവദിക്കുകയും ചെയ്തിരുന്നു.