തനിക്ക് പകരം മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ; കര്‍ണാടകയിൽ കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്നും പ്രഖ്യാപനം
കർണാടകയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദിയൂരപ്പ പറഞ്ഞു.താൻ പ്രതിനിധീകരിക്കുന്ന ശിവമോഗ ജില്ലയിൽ ഉൾപ്പെട്ട ശിക്കാരിപുര മണ്ഡലത്തിലാണ് ഇനി തനിക്ക് പകരം മകൻ വിജയേന്ദ്ര മത്സരിക്കുമെന്ന് യദിയൂരപ്പ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയേന്ദ്രയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ണാടകയിലെ ജനങ്ങളും പിന്തുണ നൽകണമെന്നും യദിയൂരപ്പ അഭ്യര്‍ത്ഥിച്ചു.
കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് എത്തും മുൻപേ മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾ പരസ്‌പരം മത്സരിക്കുകയാണെന്ന് സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പരിഹസിച്ചു കൊണ്ട് യദിയൂരപ്പ പറഞ്ഞു. അങ്ങനെ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുകയും ചെയ്യും.
2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും - ജെഡിഎസും ചേര്‍ന്ന് കര്‍ണാടകയിൽ സര്‍ക്കാര്‍ രൂപീകരിക്കുകയും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാൽ 2019-ൽ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും ചില എംഎൽഎമാര്‍ രാജിവച്ചതോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ നിലംപതിച്ചു. ഇതോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2021 ജൂലൈയിൽ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും ബസവരാജ് ബൊമ്മയെ മുഖ്യന്ത്രിയാക്കുകയും ചെയ്തിരുന്നു.