ചിന്തന്‍ ശിബിരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറും : വി ഡി സതീശന്‍

ചിന്തന്‍ ശിബിരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറും : വി ഡി സതീശന്‍

 കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരം വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍.കോഴിക്കോട് ബീച്ചിലെ ശിബിര സമ്മേളന നഗരിയായ കെ .കരുണാകരന്‍ നഗറിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്ന, നിലപാടുകളിലെ വ്യക്തത ഉയര്‍ത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് ചിന്തന്‍ ശിബിരം വേദിയാകും. ഫലപ്രദമായ ചര്‍ച്ചകളും ആശയവിനിമയവും സംവാദങ്ങളും ഇവിടെ നടക്കും.ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കോണ്‍ഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം കോഴിക്കോട് ചിന്തന്‍ ശിബിരത്തില്‍ നിന്നായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാവിലെ 11.30 ഓടെ ചിന്തന്‍ ശിബിരം സമ്മേളന നഗരിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് ചിന്തിന്‍ ശിബിരത്തിന്റെ തീം സോങിന്റെ പ്രകാശനവും മീഡിയാ റൂമിന്റെയും ഉദ്ഘാടനവും നിര്‍വഹിച്ചു. ചിന്തന്‍ ശിബിരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്.കോഴിക്കോടന്‍ ചരിത്രവും സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും വിട പറഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖരെയും മിഠായിതെരുവിന്റെ പുനരാവിഷ്‌ക്കാരവും ഉള്‍കൊള്ളുന്ന ചിത്രങ്ങളാല്‍ സമ്മേളന നഗരിയുടെ ചുമരുകള്‍ വരെ സമ്പന്നമാക്കിയിട്ടുണ്ട്. പ്രമുഖ ആര്‍ട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവാണ് ചിത്രങ്ങളാല്‍ ചുമരുകളെ വര്‍ണാഭമാക്കിയിരിക്കുന്നത്.കോണ്‍ഗ്രസിന്റെ ചരിത്രവും നേതാക്കളെയും കുറിച്ച് വിവരിക്കുന്നതാണ് ശിബിര ഗാനം. രമേശ് കാവില്‍ രചിച്ച് പ്രശാന്ത് സംഗീതം നിര്‍വഹിച്ച ഗാനം നിര്‍മ്മിച്ചിരിക്കുന്നത് ഡി സി സിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സ്വരാജാണ്. പ്രതിപക്ഷ നേതാവിനോടൊപ്പം കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ .ടി സിദ്ദിഖ്, എ ഐ സി സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി .യു രാധാകൃഷ്ണന്‍, കെ.കെ എബ്രഹാം,പഴംകുളം മധു, അഡ്വ കെ. ജയന്ത്, റോജി ജോണ്‍ എം എല്‍ എ,കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍, പലോട് രവി, ബാബു പ്രസാദ്,മുന്‍ ഡി സി സി പ്രസിഡന്റ് സനല്‍ നെയ്യാറ്റിന്‍ക്കര എന്നിവരും സമ്മേളന നഗരി സന്ദര്‍ശിച്ചു.ശനിയാഴ്ച രാവിലെ 10ന് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക