അറിയണം ഉമയെ..കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ല

അറിയണം ഉമയെ..കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയല്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഉമാ തോമസ് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1980 ലാണ് മഹാരാജാസില്‍ പ്രീഡിഗ്രിക്കായി ഉമാ തോമസ് ചേരുന്നത്. 1982 ല്‍ കെ.എസ്.യുവിന്റെ വനിതാ പാനലില്‍ പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. 1984 ല്‍ കെ.എസ്.യു പാനലില്‍ തന്നെ മഹാരാജാസിലെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി തോമസ്. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു പി.ടി തോമസ്. ക്യാമ്പസ് വിട്ടുവെങ്കിലും കെ.എസ്.യു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ മഹാരാജാസിലെ സ്ഥിരം സാന്നിധ്യമായിരുന്നു പി.ടി. ഒരിക്കല്‍ വേദിയില്‍ നിന്ന് പാട്ട് പാടിയ ഉമാ തോമസ് പി.ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. സംഘടനാ പ്രവര്‍ത്തനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും, അടുക്കുന്നതും. സൗഹൃദം പ്രണയത്തിന് വഴിമാറിയെങ്കിലും ഇരുവരും അത് തുറന്ന് പറഞ്ഞിരുന്നില്ല. ഉമയ്ക്ക് വീട്ടില്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് പി.ടി തോമസ് ഫോണില്‍ വിളിച്ച് ഉമയെ തന്റെ ഇഷ്ടം അറിയിക്കുന്നത്. ഇതരമതസ്ഥനായ പി.ടിയുമായുള്ള ഉമയുടെ വിവാഹത്തോട് കുടുംബത്തിന് എതിര്‍പ്പായിരുന്നു. പക്ഷേ, ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ഇരുവരും ഒന്നാകാന്‍ തീരുമാനിച്ചു. അങ്ങനെ മട്ടാഞ്ചേരിയില്‍ പോയി രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. ബെന്നി ബെഹന്നാനും കെ.ടി ജോസഫുമാണ് അന്ന് സാക്ഷികളായി ഒപ്പുവച്ചത്. തിരികെ ഉമ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിപോയി. ഉമയുടെ കുടുംബത്തെ അനുനയിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും നടന്നില്ല. അങ്ങനെ പി.ടി തോമസ് ഉമയെ വീട്ടില്‍ പോയി വിളിച്ചിറക്കി വയലാര്‍ രവിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. മകള്‍ തനിക്കൊപ്പം സുരക്ഷിതയാണെന്ന് പി.ടി തോമസ് ഉമയുടെ അച്ഛനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് കോതമംഗലത്തെ ക്‌നാനായ പള്ളിയില്‍ വച്ച് പി.ടിയുടെ കുടുംബത്തിന്റേയും മഹാരാജാസിലെയും പാര്‍ട്ടിയിലേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. പിന്നീട് തീപ്പൊരി പ്രസംഗങ്ങളിലൂടെ പി.ടി രാഷ്ട്രീയ നേതാവായി വളര്‍ന്നപ്പോള്‍ തോളോട് തോള്‍ ചേര്‍ന്ന് പി.ടിക്ക് കരുത്തേകി ഉമയും ഒപ്പം നിന്നു. ആസ്റ്ററിലെ ഫിനാന്‍സ് മേഖലയിലെ അസിസ്റ്റന്റ് മാനേജരായിരുന്നു ഉമാ തോമസ്. രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ടില്ലെങ്കില്‍ കൂടി ഉമ എന്നും രാഷ്ട്രീയക്കാരി തന്നെയായിരുന്നു. പി.ടിയിലൂടെ പാര്‍ട്ടിയുടെ വളര്‍ച്ച കണ്ടും കേട്ടും അടുത്തറിഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ പി.ടിയുടെ വിയോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങേണ്ടി വന്നപ്പോഴും ആദ്യമായി മത്സരരംഗത്ത് എത്തിയതിന്റെ അമ്പരപ്പോ ആശങ്കകളോ ഉമാ തോമസിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.