ഫുട്ബോൾ ഫൈനലിനിടെ തൊടുപുഴയിൽ നാണക്കേടായി പൊലീസുകാരിൽ നിന്ന് മദ്യവും ചീട്ടും പിടികൂടി നാട്ടുകാർ
Shame in Thodupuzha during football final: Locals catch police officers with liquor and playing cards
തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി പോലീസ് വാഹനത്തിൽ ലഹരിവസ്തുക്കളും ചീട്ടും സൂക്ഷിച്ച കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ജനങ്ങൾ തടിച്ചുകൂടിയ കേന്ദ്രത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇവർ സഞ്ചരിച്ച ഔദ്യോഗിക വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വണ്ടിക്കുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി എസ്ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനാ ഫലം പുറത്തുവരുന്ന മുറയ്ക്ക് ഇരുവർക്കുമെതിരെ ശക്തമായ തുടർനടപടികൾ കൈക്കൊള്ളുമെന്ന് തൊടുപുഴ എസ്എച്ച്ഒ അറിയിച്ചു.ഒരിടത്ത് ഓപ്പറേഷൻ തൂഫാൻ, മറ്റൊരിടത്ത് പൊലീസുകാർ തന്നെ നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണുള്ളത്.