പ്ലസ് ടു പരീക്ഷ ഇന്ന് മുതല്‍; എസ് എസ് എല്‍ സി നാളെ മുതല്‍

പ്ലസ് ടു പരീക്ഷ ഇന്ന് മുതല്‍; എസ് എസ് എല്‍ സി നാളെ മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. എസ്.എസ്.എല്‍.സി പരീക്ഷകള്‍ നാളെയാണ് ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. എസ് .എസ്. എല്‍. സി പരീക്ഷ നാളെ ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. 2, 962 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 4,27,407 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഇക്കുറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,18,902 പേര്‍ ആണ്‍കുട്ടികളും 2,08,097 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.