റിഫ യുടെ ആന്തരിക അവയവങ്ങളുടെ പരിശോധന നാളെ
മലയാളി വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത മാറാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധന നാളെ നടക്കും. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർന്നുളള അന്വേഷണത്തിൽ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘത്തലവൻ താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിൻമേൽ വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുന്നത്. ശരീരത്തിൽ വിഷപദാർത്ഥങ്ങളുടെതുൾപ്പെടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കണം. വിഷം ശരീരത്തിനുള്ളിലുണ്ടെങ്കിൽ മൃതദേഹത്തിൽ നിറവ്യത്യാസമുൾപ്പെടെയുണ്ടാകും. എന്നാൽ മറവ് ചെയ്ത് മാസങ്ങളായതിനാൽ ഇത് കണ്ടെത്താൻ ഇനി രാസപരിശോധനയെ ആശ്രയിക്കുക മാത്രമാണ് വഴി. ശ്വാസം മുട്ടിയുളള മരണത്തിന്റെ വിവിധ സാധ്യതകളെക്കുറിച്ചും പരിശോധന നടക്കും. തിങ്കളാഴ്ച വൈകീട്ടോടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും റിഫയുടെ ഭർത്താവ് മെഹ്നാസിന്‍റെതുൾപ്പെടെ വിശദമായ മൊഴിയെടുക്കുക. നിലവിൽ മെഹനാസിനെതിരെ ആത്മഹത്യ പ്രേരണയുൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് കേസ്സെടുത്തിട്ടുണ്ട്.