സിപിഎം വീട് നിർമ്മിച്ചുതരാം എന്ന് പറഞ്ഞതിനാൽ ഉള്ളത് പൊളിച്ചു, പാർട്ടി പാതിവഴിയിൽ ഉപേക്ഷിച്ചു; വലഞ്ഞ് സഹോദരിമാർ
രക്ഷിതാക്കൾ നഷ്ടപെട്ട സഹോദരിമാർക്ക് സിപിഎം സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി നാലുവർഷം മുൻപ് പണിതുകൊടുക്കാം എന്നുപറഞ്ഞ വീട് യാഥാർഥ്യമായില്ല . സിപിഎംന്റെ വീട് പ്രതീക്ഷിച്ചതുകൊണ്ട് പഞ്ചായത്തിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കാതിരുന്നതും മുൻപുണ്ടായിരുന്ന വീട് പുതിയവീടുപണിക്കായി പൊളിച്ചതുകൊണ്ടും ബന്ധുക്കളുടെ വീട്ടിൽ അഭയാർഥികളായി താമസിക്കേണ്ട ഗതികേടിലാണ് പുതുശ്ശേരി പഞ്ചായത്ത് വാളയാർ ഡാം ലക്ഷംവീട് കോളനിയിൽ പരേതനായ സെന്തില്കുമാറിന്റെയും മേരിയുടെയും മക്കളായ പവിത്രയും (18 ) ഭവധാരണിയും (20 ).
2018 പകുതിയോടെ തുടങ്ങിയ വീടുപണി 2019ൽ നിർത്തി. പകുതി കെട്ടിപ്പൊക്കിയ വീട്ടിലെ ഇരുമ്പുകമ്പികൾ തുരുമ്പിച്ചു തുടങ്ങി. പലയിടത്തും ഭിത്തി വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞു.വീടില്ലാത്തവർക്കു ലൈഫ് മിഷനിൽ അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും പാർട്ടി നൽകുന്നതിനാൽ അപേക്ഷിക്കേണ്ടെന്നു നേതാക്കൾ പറഞ്ഞു. അപേക്ഷ ഇല്ലാത്തതിനാൽ ഇനി മറ്റു ഭവനപദ്ധതികളിൽ പരിഗണിക്കാൻ കഴിയില്ലെന്നാണു പഞ്ചായത്ത് പറയുന്നത്.
മലബാർ സിമന്റ്സിലെ കരാർ തൊഴിലാളിയായിരുന്ന സെന്തിൽകുമാർ 16 വർഷം മുൻപ് അപകടത്തിലാണു മരിച്ചത്. കരൾരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ഭാര്യ മേരി 4 വർഷം മുൻപു മരിച്ചു. ഇതിനുശേഷമാണു സിപിഎം സ്നേഹവീട് പ്രഖ്യാപിച്ചത്. ചെറിയ ജോലികളുള്ള സഹോദരിമാർക്ക് അയൽവാസികളും ബന്ധുക്കളുമാണു നിലവിൽ സഹായം.