ഗുജറാത്ത് സന്ദര്‍ശനം മോദിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് ചീഫ് സെക്രട്ടറി

ഗുജറാത്ത് സന്ദര്‍ശനം മോദിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് ചീഫ് സെക്രട്ടറി

കേരളത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഭരണ നിര്‍വഹണത്തിനുള്ള മാതൃക പഠിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം  തുടരുന്നു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം  ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അതേസമയം പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരമാണ് ഗുജറാത്ത് സന്ദര്‍ശനം എന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗുജറാത്തില്‍ ഇഗവേണന്‍സിനായി വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കുന്നതിനാണ് ചീഫ് സെക്രട്ടറി വി.പി.ജോയ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ ഗുജറാത്തിലെത്തിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പ്, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനം, ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതി എന്നിവ സംബന്ധിച്ച പഠനമാണ് സംഘം നടത്തുന്നത്. 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.