സിഗരറ്റ് വാങ്ങാന്‍ പൈസ് നല്‍കിയില്ല; കുട്ടിയെ കുത്തിക്കൊന്നു
സിഗരറ്റ് വാങ്ങാന്‍ 10 രൂപ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 4 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് ഏരിയയില്‍ ഞായറാഴ്ചയാണ് സംഭവം. ബാബ ഫരീദ്പുരി സ്വദേശികളായ പ്രവീണ്‍(20), അജയ് (23), ജതിന്‍ (24), ആനന്ദ് പര്‍വത്തില്‍ താമസിക്കുന്ന സോനു കുമാര്‍(20) എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാംജാസ് സ്‌കൂളിന് സമീപം റോഡരികില്‍ കിടക്കുന്ന കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍ വയറിന്റെ മുകള്‍ ഭാഗത്ത് കുത്തേറ്റതായി കണ്ടെത്തി, ഇത് പിന്നീട് മരണത്തിലേക്ക് നയിച്ചു എന്നും പൊലീസ് പറഞ്ഞു. ആനന്ദ് പര്‍വത്തില്‍ താമസിക്കുന്ന വിജയ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യ വിവരം നല്‍കുന്നവരുടെയും സഹായത്തോടെയാണ് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഞായറാഴ്ച സിഗരറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയതായി കമ്മീഷണര്‍ അറിയിച്ചു. കുട്ടിയുടെ അയല്‍വാസി സോനു സിഗരറ്റ് വാങ്ങാന്‍ 10 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കുട്ടി ഇത് നിരസിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ആരംഭിച്ചു. തുടര്‍ന്ന് സോനുവും കൂട്ടാളികളും ചേര്‍ന്ന് കുട്ടിയെ കുത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.