സമസ്തയുടെ നടപടി അപമാനകരം, കോടതി സ്വമേധയാ കേസെടുക്കണം: ആരിഫ് മുഹമ്മദ് ഖാൻ
സ്ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചന
സമസ്തയുടെ പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. സ്ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സമസ്തയുടെ ഈ നടപടി അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും കാണിക്കുന്ന മൗനത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണ്. ഈ മൗനം കാരണം തനിക്ക് കൂടുതൽ പ്രതികരിക്കാൻ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം. സമസ്തയുടെ വേദിയിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ താൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളര്‍ന്നു വീണ് പോകും. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.
പെൺകുട്ടിയുടെ അന്തസിനെ തകർത്തുകയാണ് സമസ്ത ചെയ്തത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്തരം സംഭവങ്ങൾ അപമാനകരമാണ്. നമ്മുടെ നാട്ടിലെ പെണ്‍ മക്കളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപിടിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. താൻ ഇക്കാര്യം നേരത്തേ സംഭവിച്ച വിസ്മയ കേസിലും വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി മുന്നോട്ട് പോകുകയാണ് വേണ്ടത്. പൊതുവേദിയിൽ പെണ്‍കുട്ടിയെ അപമാനിക്കുകയും മാനിസകമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണമെന്നും ഗവർണർ ആവശ്യപ്പെട്ടു