കര്‍ഷകര്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്യുന്നു; പിണറായി സില്‍വര്‍ ലൈനിന് പിന്നാലെ

കര്‍ഷകര്‍ ഗതിയില്ലാതെ ആത്മഹത്യ ചെയ്യുന്നു; പിണറായി സില്‍വര്‍ ലൈനിന് പിന്നാലെ

പത്തനംതിട്ടയിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈനിന്റെ പിന്നാലെ പോകുന്നത്. പിണറായി സര്‍ക്കാര്‍ ബൂര്‍ഷ്വകള്‍ക്കൊപ്പമാണോ കര്‍ഷകര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. തിരുവല്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടില്‍ പ്രതിപക്ഷ സംഘം സന്ദര്‍ശനം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് രാജീവിന്റെ വീട്ടിലെത്തുക. കൃഷിനാശം നേരിട്ട കര്‍ഷകന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവും സംസാരിച്ചത്. കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലമാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവാണ് മരിച്ചത്. ഇയാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നലെ രാത്രിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി ഇയാള്‍ ബാങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്. ഈ വര്‍ഷവും 10 ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിച്ചു.